തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കുമെന്ന് വിവരം. തിരികെയെത്തിച്ച ദ്വാരപാലക പാളികളും തകിടുകളും ഒറിജിനൽ ആണോയെന്ന് ദേവസ്വം വിജിലൻസിന് സംശയം ഉണ്ട്. (Sabarimala gold case)
ശബരിമല വിവാദത്തിൽ വിശദീകരണയോഗം നടത്താൻ എൽ ഡി എഫ്. കോട്ടയത്ത് ആണ് യോഗം നടത്തുന്നത്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും.
സ്വർണ്ണം പൂശി തിരികെയെത്തിച്ചപ്പോൾ തൂക്കം കുറഞ്ഞുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. ഹൈദരാബാദിൽ നാഗേഷ് എന്നയാളുടെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് പറയുന്നു. ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്പോൺസർഷിപ്പും സംശയമുണർത്തുന്നു.
എസ് ഐ ടി സന്നിധാനത്തും ബെംഗളുരുവിലും ഉൾപ്പടെ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ എസ്.ഐ.ടി ഇന്ന് ക്യാമ്പ് ഓഫീസ് തുറക്കാൻ സാധ്യതയുണ്ട്. റാന്നി കോടതിയിൽ എഫ്ഐ ആറും സമർപ്പിക്കും.