തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്‌ത എഫ് ഐ ആറിൽ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേർത്ത സംഭവത്തിൽ പ്രതികരിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ രംഗത്തെത്തി. ഇതേക്കുറിച്ച് അറിയില്ല എന്നും, അത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. (Sabarimala gold case)
തൻ്റെ കാലത്ത് ശബരിമലയിൽ വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ചെയ്‌തിട്ടില്ല എന്നും, ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു. വീട് പൂട്ടിപ്പോയശേഷം വീട്ടിൽ മോഷണം നടന്നാൽ അതിന് വീട്ടുടമസ്ഥൻ ഉത്തരം പറയേണ്ട അവസ്ഥയാണെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമങ്ങളല്ലാതെ ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും, വീഴ്ച ഉണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 2007 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും, തന്‍റെ കാലം മുതൽ അല്ല എന്നും പറഞ്ഞ അദ്ദേഹം, 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്കും. കട്ടിളയിലെ സ്വർണ്ണമോഷണം സംബന്ധിച്ച രണ്ടാമത്തെ കേസിലെ എഫ് ഐ ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിട്ടുണ്ട്. 8-ാം പ്രതിയായി ആണ് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചേർത്തിരിക്കുന്നത്. ആരുടെയും പേരുകൾ എടുത്ത് പറഞ്ഞിട്ടില്ല. ഇത് എ പത്മകുമാർ പ്രസിഡന്‍റായ ഭരണസമിതിയാണ്. സ്വർണ്ണപ്പാളികൾ 2019ൽ ഇളക്കിയെടുത്തത് ദേവസ്വം അംഗങ്ങളുടെ അറിവോടു കൂടിയാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സ്വർണ്ണപ്പാളി വിവാദം ഞെട്ടിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് ഓരോ ദിവസവും സഞ്ചരിക്കുന്നത്.