പത്തനംതിട്ട : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ മുരാരി ബാബു പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ദ്വാരപാലക ശിൽപ്പം സ്വർണ്ണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Sabarimala gold case)
ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങോട്ട് ചോദിച്ചതിൻ്റെ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വാരപാലക ശിൽപ്പത്തിൽ ഇത്തവണ സ്വർണ്ണം പൂശിയതിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ്ണ കോട്ടിങിലാക്കി വീണ്ടും ചെയ്യാൻ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ല എന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ എട്ട് ദിവസത്തിനുള്ളിൽ തിരുത്തിയതായി കണ്ടെത്തി.
സന്നിധാനത്ത് വച്ച് പരമ്പരാഗത രീതിയിൽ സ്വർണ്ണം പൂശാമെന്ന ഉത്തരവാണ് തിരുത്തിയത്. ദുരൂഹമായി പിൻവലിച്ചിരിക്കുന്നത് 2025 ജൂലൈ 30ന് എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇമെയിൽ ആണ്. ഈ മലക്കം മറിച്ചിൽ ഉണ്ടായത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ്.