തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണപ്പാളി വിവാദം ആളിക്കത്തുമ്പോൾ പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. ഇനിമുതൽ ശബരിമലയിൽ വരുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിക്കും. അതിന് ശേഷം മാത്രമായിരിക്കും സ്‌പോൺസർഷിപ്പ് അനുവദിക്കുക.(Sabarimala gold case)
ഇക്കാര്യം അറിയിച്ചത് പി എസ് പ്രശാന്ത് ആണ്. നിലവിലെ അനുഭവം ഒരു പാഠമാണെന്നും, സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതി നിർദ്ദേശം അനുസരിച്ചുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും
ഏറെ വിവാദമായ ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിൽ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമുള്ള അന്വേഷണം ആരംഭിക്കുന്നത് ശനിയാഴ്ചയാണ്. സംസ്ഥാന സർക്കാർ കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനൽകേണ്ടതാണ്. ഇക്കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ച നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം യോഗം ചേർന്ന് അന്വേഷണ സംഘം തുടർനടപടികൾ ആലോചിക്കും. ദേവസ്വം വിജിലൻസ് നിലവിൽ പകുതിയിലേറെ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.