തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസിൻ്റെ ഇടക്കാല അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് വിവരം. ഗൂഢാലോചനയുടെ തെളിവുകൾ ലഭിച്ചുവെന്നും സൂചനയുണ്ട്. അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് എസ് പിയുടേതാണ്. വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് നൽകാൻ സമയമുണ്ടെങ്കിലും ഇന്ന് തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു.(Sabarimala gold case)
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ക്ലീൻ ചിറ്റ് ഇല്ല. ഇയാൾ നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയാണ് എന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. സ്‌പോൺസർ - ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്. 2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപ്പിഴവ് ആണെന്നാണ് സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകളാണ് പുറത്തായത്. സ്വർണ്ണപ്പാളി പോറ്റിക്ക് കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ചാണ് എന്നാണ് വിവരം. തിരുവാഭരണ കമ്മീഷണർ 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ പങ്കെടുത്തിരുന്നില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെയാണ് ഇയാളുടെ കയ്യിൽ സ്വർണ്ണപ്പാളി കൊടുത്തുവിട്ടത് എന്നാണ് മഹാസറിൽ പറയുന്നത്.
ശബരിമലയിലെ സ്വർണ്ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദർശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പടുത്തൽ. ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളിയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രദർശനം നടക്കാതെ പോയത് ശബരിമല തന്ത്രി ഇടപെട്ടതോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രദർശിപ്പിക്കുന്നത് ആചാരലംഘനം ആണെന്നാണ് തന്ത്രി പറഞ്ഞത്. താൻ ഈ സമയം ജാലഹള്ളിയിൽ ഉണ്ടായിരുന്നുവെന്നും നന്ദകുമാർ അറിയിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം പൂശിയെത്തിച്ച ദ്വാരപാലക ശിൽപത്തിന് മങ്ങലുണ്ടായിരുന്നുവെന്നും, താൻ പലരോടും പറഞ്ഞുവെന്നും വ്യക്തമാക്കിയ അദ്ദേഹം, വിജയ് മല്യ സ്വർണം പൂശിയതിന് മങ്ങലുണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി. അദ്ദേഹം ആരോപണങ്ങളെല്ലാം നിഷേധിച്ചു. തനിക്ക് ലഭിച്ചത് ചെമ്പ് പാളി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ദേവസ്വം വിജിലൻസിൻ്റെ ചോദ്യം ചെയ്യലിൽ അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.