തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി. അദ്ദേഹം ആരോപണങ്ങളെല്ലാം നിഷേധിച്ചു. തനിക്ക് ലഭിച്ചത് ചെമ്പ് പാളി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ദേവസ്വം വിജിലൻസിൻ്റെ ചോദ്യം ചെയ്യലിൽ അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.(Sabarimala gold case)
ചില കാര്യങ്ങളിൽ മൊഴി അവ്യക്തമായിരുന്നതിനാൽ വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇപ്പോൾ പുറത്ത് വന്നത് ഈ വിശദാംശങ്ങളാണ്. ഉദ്യോഗസ്ഥർ ചെമ്പ് തകിട് നൽകിയത് രേഖാമൂലമാണെന്നും, തനിക്ക് ഉദ്യോഗസ്ഥ വീഴ്ചയിൽ പങ്കില്ലെന്നും, തന്‍റെയും മറ്റു സ്പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്.
പീഠം സുഹൃത്തായ വാസുദേവന് കൈമാറിയെങ്കിലും കാണാതായെന്നും, പരാതി ഉന്നയിച്ചതിന് പിന്നാലെ തിരിച്ചു കൊണ്ടുവരികയായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു. അന്വേഷണം രഹസ്യമാക്കണമെന്നാണ് കോടതി നിർദേശം.