തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തെത്തി. വിജിലൻസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. (Sabarimala gold case)
മാധ്യമങ്ങൾ തന്നെ ക്രൂശിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കൂട്ടിച്ചേർത്തു. തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നും, പറയാനുള്ളത് കോടതിയിൽ പറയുമെന്നും അദ്ദേഹം വ്യക്‌തമാക്കി. തൻ്റെ വ്യക്തിത്വം പരമാവധി തകർത്തുവെന്നും അദ്ദേഹം പ്രതികരിച്ചു. വിജിലൻസ് നോട്ടീസ് നൽകിയോ എന്ന് വെളിപ്പെടുത്താൻ ഉണ്ണിക്കൃഷ്ണൻ പോറ്റി തയ്യാറായില്ല.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം സംബന്ധിച്ച് ശനിയാഴ്ച ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. തിരുവനന്തപുരത്ത് എത്താൻ ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 9.30ൻ്റെ വിമാനത്തിലാണ് ഇയാൾ ബംഗളുരുവിൽ നിന്നും പുറപ്പെട്ടത്. അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാൻ ശ്രമം നടന്നുവെന്ന് കണ്ടെത്തി.
ഇത് സംബന്ധിച്ച് 2023ൽ കത്തിടപാടുകൾ നടന്നുവെന്നാണ് രേഖകളിൽ പറയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ തന്നെ ഇടപെടലിലാണ് ഈ നീക്കം നടന്നത്. എന്നാൽ, ഹൈക്കോടതി ഇടപെടലിൽനെത്തുടർന്ന് ഉദ്യോഗസ്‌ഥർ ജാഗ്രത കാണിച്ചു. ഇതിലിടപെട്ട ഒരു ഉദ്യോഗസ്ഥൻ സംശയനിഴലിലാണ്.