

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട വാജിവാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത് പാരമ്പര്യ വിധിപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചാണെന്ന് അഡ്വക്കേറ്റ് കമ്മീഷണർ റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലും അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലുമാണ് ഈ മാറ്റം നടന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2017 മാർച്ചിൽ തന്നെ വാജിവാഹനം കൈമാറുന്ന കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്ന് കൊടിമര നിർമ്മാണ പ്രവൃത്തി മാതൃകാപരമെന്ന് നിരീക്ഷിച്ച കോടതി അഡ്വക്കേറ്റ് കമ്മീഷണറെ പ്രശംസിക്കുകയും ചെയ്തിരുന്നു. പാരമ്പര്യ ആചാര പ്രകാരം തന്ത്രിക്ക് നൽകേണ്ട വസ്തുവെന്ന നിലയിലാണ് ഇത് കൈമാറിയത്.
കൊടിമരത്തിലെ അഷ്ടദിക്ക്പാലകർ ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിൽ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി സീൽ ചെയ്തിട്ടുണ്ട്. സ്വർണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാജിവാഹനം കണ്ടെടുത്തത് വിവാദമായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെയാണ് പഴയ കോടതി ഉത്തരവുകളുടെ വിശദാംശങ്ങൾ പുറത്തുവരുന്നത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്ത എസ്.ഐ.ടി, കൊടിമരത്തിലെ ഭാഗമായ വാജിവാഹനം അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിൽ സൂക്ഷിച്ചത് നിയമവിരുദ്ധമാണോ എന്നാണ് പരിശോധിക്കുന്നത്. എന്നാൽ, കോടതി ഉത്തരവ് പ്രകാരമാണ് ഇത് തന്ത്രിക്ക് ലഭിച്ചതെന്ന വാദം പ്രതിഭാഗത്തിന് കേസിൽ വലിയ ആശ്വാസമായേക്കും.