Sabarimala : നിർത്തിവച്ച സഭ വീണ്ടും തുടങ്ങി, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: ചർച്ചയെ ഭയമാണോയെന്ന് മന്ത്രി, പ്രകോപിതനായി സ്പീക്കർ

അതേസമയം, നോട്ടീസ് നൽകാതെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്തിനെന്ന് സ്പീക്കർ ചോദ്യമുന്നയിച്ചു. ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നു എന്നാണ് ദേവസ്വം മന്ത്രി നൽകിയ മറുപടി
Sabarimala : നിർത്തിവച്ച സഭ വീണ്ടും തുടങ്ങി, പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: ചർച്ചയെ ഭയമാണോയെന്ന് മന്ത്രി, പ്രകോപിതനായി സ്പീക്കർ
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച നിയമസഭ വീണ്ടും ആരംഭിച്ചു. പിന്നാലെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇത് സ്പീക്കറെ പ്രകോപിതനാക്കി. മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം.(Sabarimala gold case in Kerala Assembly Session)

ചോദ്യോത്തര വേളയിലാണ് ബാനറുകളുമായി ഇവർ നടുത്തളത്തിൽ ഇറങ്ങിയത്. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷത്തിന് ചർച്ചയെ ഭയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, നോട്ടീസ് നൽകാതെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്തിനെന്ന് സ്പീക്കർ ചോദ്യമുന്നയിച്ചു. ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നു എന്നാണ് ദേവസ്വം മന്ത്രി നൽകിയ മറുപടി.

സഭയിൽ പ്രതിഷേധം

നിയമസഭയിൽ ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ വൻ പ്രതിഷേധം. ബാനറുമായി എത്തിയ പ്രതിപക്ഷം സഭ തുടങ്ങിയതോടെ പ്രതിഷേധവും ആരംഭിച്ചു. ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

ചോദ്യോത്തരവേള ആരംഭിച്ചതോടെ ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് അവർ പ്രതിഷേധം ശക്തമാക്കി. സ്‌പീക്കർ ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ അദ്ദേഹത്തിൻ്റെ ഇരിപ്പിടം മറച്ച് ബാനർ കെട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

'അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്. ഭരണപക്ഷവും ഇതോടെ എഴുന്നേറ്റു. ചോദ്യോത്തരവേള റദ്ദാക്കി. സഭ നിർത്തിവച്ചു.

ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ക്ലീൻ ചിറ്റ് ഇല്ല

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ക്ലീൻ ചിറ്റ് ഇല്ല. ഇയാൾ നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയാണ് എന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. ഇവർ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിച്ചേക്കും. സ്‌പോൺസർ - ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്. 2019ൽ ചെമ്പ് എന്നു കുറിച്ചത് ധാരണപ്പിഴവ് ആണെന്നാണ് സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകളാണ് പുറത്തായത്. സ്വർണ്ണപ്പാളി പോറ്റിക്ക് കൈമാറിയത് ചട്ടങ്ങൾ അട്ടിമറിച്ചാണ് എന്നാണ് വിവരം. തിരുവാഭരണ കമ്മീഷണർ 2019 ജൂലൈ 20ന് നടന്ന കൈമാറ്റത്തിൽ പങ്കെടുത്തിരുന്നില്ല. ഉദ്യോഗസ്ഥർ അനുഗമിക്കാതെയാണ് ഇയാളുടെ കയ്യിൽ സ്വർണ്ണപ്പാളി കൊടുത്തുവിട്ടത് എന്നാണ് മഹാസറിൽ പറയുന്നത്.

ശബരിമലയിലെ സ്വർണ്ണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദർശിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പടുത്തൽ. ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളിയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രദർശനം നടക്കാതെ പോയത് ശബരിമല തന്ത്രി ഇടപെട്ടതോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രദർശിപ്പിക്കുന്നത് ആചാരലംഘനം ആണെന്നാണ് തന്ത്രി പറഞ്ഞത്. താൻ ഈ സമയം ജാലഹള്ളിയിൽ ഉണ്ടായിരുന്നുവെന്നും നന്ദകുമാർ അറിയിച്ചു.

ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണ്ണം പൂശിയെത്തിച്ച ദ്വാരപാലക ശിൽപത്തിന് മങ്ങലുണ്ടായിരുന്നുവെന്നും, താൻ പലരോടും പറഞ്ഞുവെന്നും വ്യക്തമാക്കിയ അദ്ദേഹം, വിജയ് മല്യ സ്വ‍‍‍ർണം പൂശിയതിന് മങ്ങലുണ്ടായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി. അദ്ദേഹം ആരോപണങ്ങളെല്ലാം നിഷേധിച്ചു. തനിക്ക് ലഭിച്ചത് ചെമ്പ് പാളി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. ദേവസ്വം വിജിലൻസിൻ്റെ ചോദ്യം ചെയ്യലിൽ അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com