
ശബരിമല∙ കരിമലയിലൂടെയുള്ള പരമ്പരാഗത കാനന പാതയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. വെർച്വൽ ക്യു പാസ് കയ്യിലുള്ള തീർഥാടകരെ കരിമല പാതയിലൂടെ കടത്തി വിടും. ഇന്ന് മുതൽ 14 വരെ തിരക്കു നിയന്ത്രണത്തിനായി കരിമല കാനന പാതയിലൂടെ അമ്പലപ്പുഴ, ആലങ്ങാട് സംഘത്തെ അല്ലാതെ ആരെയും കടത്തിവിടില്ലെന്നായിരുന്നു ദേവസ്വം ബോർഡിന്റെ തീരുമാനം. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിലാണ് ഇളവ് ഏർപ്പെടുത്തിയത്.
നാളെ പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയാണ് ദീപാരാധനയും അത്താഴപൂജയും. 15 മുതൽ 17 വരെ ഉച്ചപൂജയ്ക്കാണ് തിരുവാഭരണം ചാർത്തുന്നത്. ഈ ദിവസങ്ങളിൽ അത്താഴപൂജയും ഹരിവരാസനവും കഴിയുന്നതു വരെ തിരുവാഭരണം ചാർത്തി ദർശനം ഉണ്ടാകും. ഇതിന് വേണ്ടി 14 മുതൽ 17 വരെ പുഷ്പാഭിഷേകം ഒഴിവാക്കി.