തിരുവനന്തപുരം: ഇടുക്കിയിലെ സി.പി.എമ്മിന്റെ കരുത്തനായ നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ ഇന്ന് ബി.ജെ.പിയിൽ അംഗത്വമെടുക്കും. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തെത്തുന്ന അദ്ദേഹം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിക്കും. ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്.(S Rajendran to join BJP, Will accept membership from Rajeev Chandrasekhar today)
2006 മുതൽ തുടർച്ചയായി മൂന്ന് തവണ (2006, 2011, 2016) ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ നേതാവാണ് രാജേന്ദ്രൻ. ഈ മാസം ആദ്യം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് അന്ന് അറിയിച്ച രാജേന്ദ്രൻ, നിബന്ധനകളൊന്നുമില്ലാതെയാണ് പാർട്ടിയിൽ ചേരുന്നതെന്ന് വ്യക്തമാക്കി. വ്യക്തിപരമായ ആവശ്യങ്ങളോ സ്ഥാനമാനങ്ങളോ ഉന്നയിച്ചിട്ടില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.