

തിരുവനന്തപുരം: സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നത് പാർട്ടിക്ക് യാതൊരു ദോഷവും ചെയ്യില്ലെന്ന് എം.എം. മണി എം.എൽ.എ. രാജേന്ദ്രൻ പാർട്ടിക്കൊപ്പം ഇല്ലാതായിട്ട് വർഷങ്ങളായെന്നും ഒരു അനുഭാവിയെ പോലും കൂടെക്കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും മണി തിരുവനന്തപുരത്ത് പറഞ്ഞു.
"എം.എം. മണി പോയാൽ പോലും സി.പി.എമ്മിന് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറയുള്ള പാർട്ടിയാണിത്. രാജേന്ദ്രൻ പോയതുകൊണ്ട് ഒരു ചുക്കും സംഭവിക്കാനില്ല." പാർട്ടി വർഷങ്ങളോളം അംഗീകാരങ്ങൾ നൽകിയ ആൾ ഇപ്പോൾ ബി.ജെ.പിയിലേക്ക് പോയത് വിശ്വാസവഞ്ചനയാണെന്നും അത് പിറപ്പുകേടാണെന്നും മണി ആഞ്ഞടിച്ചു.
ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തെത്തിയാണ് എസ്. രാജേന്ദ്രൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം ഏറ്റുവാങ്ങിയത്. രാജേന്ദ്രനൊപ്പം നീലംപേരൂരിൽ നിന്നുള്ള സി.പി.എം പ്രവർത്തകൻ സന്തോഷും ബി.ജെ.പിയിൽ ചേർന്നു.