കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളി. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഉടൻ കീഴടങ്ങണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ബദറുദ്ദീൻ ആണ് ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നലെ നിരസിച്ചത്.( S Jayashree and S Sreekumar should surrender before the investigating officer immediately, High Court in Sabarimala gold theft case )
സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽനിന്നുള്ള നിർദ്ദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിൻ്റെ വാദം.
ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കേസിലെ എഫ്.ഐ.ആറും മൊഴിപ്പകർപ്പും അടക്കമുള്ള അനുബന്ധ രേഖകൾ വേണമെന്നാണ് ആവശ്യം. സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതിന് മുന്നോടിയായിട്ടുള്ള കേന്ദ്ര ഏജൻസിയുടെ ഈ അപേക്ഷ ഡിസംബർ 10-ന് കോടതി പരിഗണിക്കും.
കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജുവിൻ്റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. അദ്ദേഹത്തിൻ്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ ദേവസ്വം മുൻ പ്രസിഡൻ്റ് എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി അദ്ദേഹത്തെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിലെത്തിക്കും. 2019-ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.