പാലക്കാട് : അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ വൻ ലഹരി ഗുളിക ശേഖരവുമായി റഷ്യൻ സ്വദേശി പിടിയിൽ. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റഷ്യൻ സ്വദേശിയായ ഗ്രിഗോറാഷ് ചെങ്കോ ഇവാൻ (31) ആണ് ഇന്നലെ എക്സൈസിന്റെ പിടിയിലായത്.(Russian youth arrested in Walayar with Drugs)
ഇയാളിൽ നിന്ന് 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളാണ് കണ്ടെടുത്തത്. തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. വാളയാറിലെ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവാൻ കുടുങ്ങിയത്. കൊച്ചിയിലെ ഒരു സിനിമാ ലൊക്കേഷനിലേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടുപോയിരുന്നതെന്നാണ് പ്രതി നൽകിയ മൊഴി.
ചില തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യ ചിത്രങ്ങളിലുമുൾപ്പെടെ അഭിനയിച്ചിട്ടുണ്ടെന്ന് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പോണ്ടിച്ചേരിയിലെ ഒരു സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ഗ്രിഗോറാഷും ബന്ധുവായ ഒരു ഡോക്ടറും താമസിച്ചിരുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ് അറിയിച്ചു. സിനിമാരംഗത്തേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.