
ബിഗ് ബോസ് ഹൗസിൽ ഇന്ന് നടക്കുന്ന വാരാന്ത്യ എപ്പിസോഡിൽ വേദ് ലക്ഷ്മി പുറത്തുപോകുമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ. വൈൽഡ് കാർഡായി ബിബി ഹൗസിലെത്തിയ താരമാണ് ലക്ഷ്മി. ലക്ഷ്മി ഇന്ന് പുറത്തുപോയാൽ സാബുമാൻ മാത്രമാവും വൈൽഡ് കാർഡുകളിൽ ബാക്കിയുള്ള മത്സരാർത്ഥി.
ലക്ഷ്മിയ്ക്കൊപ്പം ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻ ആഴ്ചകളിലൊക്കെ ലക്ഷ്മി നോമിനേഷനിലുണ്ടായിരുന്നെങ്കിലും പുറത്തായിരുന്നില്ല. സ്വവർഗപ്രണയത്തെയും എൽജിബിടിക്യു സമൂഹത്തെയും എതിർക്കുന്ന ലക്ഷ്മിയ്ക്ക് ഹൗസിനുള്ളിലും പുറത്തും എതിർപ്പ് ശക്തമായിരുന്നു. അതുപോലെ തന്നെ പുറത്ത് ലക്ഷ്മിയ്ക്ക് പിന്തുണയുമുണ്ടായിരുന്നു. ആദിലയെയും നൂറയെയും അധിക്ഷേപിച്ച് സംസാരിച്ച ലക്ഷ്മിയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആ ആഴ്ചയിലെ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം ചോദിക്കുകയും ലക്ഷ്മിയെ വിമർശിക്കുകയും ചെയ്തിരുന്നു.
ലക്ഷ്മി ഹരിഹരൻ എന്നാണ് വേദ് ലക്ഷ്മിയുടെ ശരിയായ പേര്. ആർകിടെക്ടായി ജോലി ചെയ്ത ലക്ഷ്മി കുറച്ചുകാലം മാർക്കറ്റിങ് പ്രൊഫഷണലായും പ്രവർത്തിച്ചു. ഇൻസ്റ്റഗ്രാമിൽ 15,000 ഓളം ഫോളോവേഴ്സാണ് ലക്ഷ്മിയ്ക്ക് ഉള്ളത്. ബിഗ് ബോസ് സീസൺ 5 ജേതാവായ അഖിൽ മാരാരും സീസണിലെ മത്സരാർത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാറും പ്രധാന വേഷത്തിലെത്തിയ മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയം തുടങ്ങിയത്. പക്ഷേ സിനിമ ബോക്സോഫീസിൽ തകർന്നടിഞ്ഞിരുന്നു.