തിരുവനന്തപുരം : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. കൊലയാളികളുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും പാര്‍ട്ടിയായി ബിജെപി അധഃപതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ കുറിപ്പ് അതീവ ഗൗരവതരമാണ്. മണ്ണ് മാഫിയ സംഘത്തിലെ തലവന്മാരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളത്. അവരെ സഹായിക്കുന്ന ആളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ആനന്ദ് ഉയര്‍ത്തിയ പ്രശ്‌നം ബിജെപിയുടെ ആഭ്യന്തര പ്രശ്‌നം മാത്രമല്ല. പൊതുസമൂഹത്തിന് ഉത്തരം കിട്ടിയേ മതിയാകൂവെന്നും എംവി ജയരാജന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ഒരു സാമൂഹ്യവിരുദ്ധ പ്രസ്ഥാനമാണ്. ലൈംഗിക പീഡനത്തിനും കൊലപാതകത്തിനും നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. തിരുമല അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബിജെപി അധ്യക്ഷന്‍ വീട്ടില്‍ പോയപ്പോള്‍ അനിലിന്റെ ഭാര്യ ചോദിച്ചത് എന്തിനാണ് ഇപ്പോള്‍ വന്നതെന്നാണ്. വായ്പ വാങ്ങിയിട്ട് തിരിച്ചടയ്ക്കാത്തവരുടെ പാര്‍ട്ടിയായി ബിജെപി മാറി. ആത്മഹത്യ ചെയ്യേണ്ടി വരുന്നത് മറ്റൊരു നിര്‍വാഹവുമില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം, ബിജെപി സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിനുള്ള താൽപര്യം താൻ ആർഎസ്എസിന്റെ ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ആനന്ദ് കെ. തമ്പി. മണ്ണു മാഫിയ സംഘം ആർഎസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ തനിക്ക് ബിജെപി സ്ഥാനാർഥി ആകാൻ സാധിച്ചില്ലെന്നും ആനന്ദ് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർഎസ്എസ് പ്രവർത്തകരുടെയും ബിജെപി പ്രവർത്തകരുടെയും മാനസികമായ സമ്മർദം തനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നുവെന്നും ആനന്ദ് കുറിപ്പിൽ പറയുന്നു.