തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദിന്റെ മരണത്തിൽ അതിയായ സങ്കടമുണ്ട്. സംഭവം അറിഞ്ഞതിന് പിന്നാലെ കരമന ജയനെ വിളിച്ചിരുന്നുവെന്നും കാരണം അന്വേഷിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആനന്ദിനെ വ്യക്തിപരമായി അറിയില്ല. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് വിവരങ്ങൾ അന്വേഷിച്ചു. സ്ഥാനാർഥി പട്ടിക വാർഡുകളിൽ നിന്ന് വന്നപ്പോൾ അത്തരത്തിൽ ഒരു പേരുള്ളതായി താൻ ഓർക്കുന്നില്ല.വിഷയം അന്വേഷിക്കുംമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
അതേ സമയം, മണൽ മാഫിയക്ക് നേതൃത്വം നൽകുന്നവരാണ് ആർഎസ്എസ് - ബിജെപി നേതൃത്വമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാൻ പറ്റുമോ എന്നായിരുന്നു ബിജെപി നേതാവ് വി. മുരളീധരന്റെ ചോദ്യം. ആനന്ദ് എഴുതിയതെന്ന് പറയുന്ന കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.