

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്കൂൾ വിദ്യാർഥികളെക്കൊണ്ട് ആർ.എസ്.എസ്. ഗീതം (ഗണഗീതം) ആലപിപ്പിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ശക്തമായ വിമർശനമുയർത്തി.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തൻ്റെ വിമർശനം അറിയിച്ചത്. "നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചത്. ജനങ്ങളാണ് നികുതി പണം നൽകിയത്, നാട്ടുകാരുടെ ചെലവിൽ ആർ.എസ്.എസ്. ഗീതം തത്കാലം പാടേണ്ട. അത് ആർ.എസ്.എസ്. ശാഖയിൽ മതി," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഇന്ന് രാവിലെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം യാത്ര ആരംഭിച്ച വന്ദേ ഭാരതിൻ്റെ ഉള്ളിൽവെച്ച് വിദ്യാർത്ഥികൾ ഗണഗീതം ആലപിക്കുന്ന വീഡിയോ ചിത്രീകരിച്ച് സതേൺ റെയിൽവേ അവരുടെ ഔദ്യോഗിക പേജുകളിൽ പങ്കുവെച്ചിരുന്നു.രാഷ്ട്രീയ വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് സതേൺ റെയിൽവേ ഈ വീഡിയോ പിന്നീട് പിൻവലിക്കുകയായിരുന്നു.