
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 250 കോടി രൂപ കൂടി അനുവദിച്ചതായി അറിയിച്ചു. ഇതോടെ, രണ്ടാം പിണറായി സർക്കാർ കാസ്‌പിനായി ആകെ ലഭ്യമാക്കിയത് 4618 കോടി രൂപയോളമാണ്.(Rs 250 crore has been allocated for the Karunya Health insurance Scheme, Finance Minister KN Balagopal)
ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണിത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
പ്രീമിയവും ഗുണഭോക്താക്കളും
ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി 1050 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ, 18.02 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം പൂർണമായും സംസ്ഥാനം വഹിക്കുന്നു. ശേഷിക്കുന്ന 23.97 ലക്ഷം കുടുംബങ്ങളുടെ വാർഷിക പ്രീമിയത്തിൽ 418.80 രൂപയും സംസ്ഥാനമാണ് വഹിക്കുന്നത്. ബാക്കി തുക മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കുന്നത്.
സൗജന്യ ചികിത്സാ സൗകര്യങ്ങൾ
കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. അംഗത്വം നേടുന്നതിന് യാതൊരുവിധ ഫീസും ഈടാക്കുന്നില്ല; സേവനം പൂർണമായും സൗജന്യമാണ്. സംസ്ഥാനത്തുടനീളമുള്ള 197 സർക്കാർ ആശുപത്രികൾ, നാല് കേന്ദ്ര സർക്കാർ ആശുപത്രികൾ, 364 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിലവിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്.
മരുന്നുകൾ, അനുബന്ധ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തിയേറ്റർ ചാർജുകൾ, ഐ.സി.യു. ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടും. 25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകളും സർക്കാർ വിഭാവനം ചെയ്ത 89 പാക്കേജുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കേജുകളിൽ ഉൾപ്പെടാത്ത ചികിത്സകൾക്കായി അൺസ്‌പെസിഫൈഡ് പാക്കേജുകൾ ഉപയോഗിക്കാം.
ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുൻപ് മുതലുള്ള ചെലവും, ആശുപത്രിവാസത്തിന് ശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദ്ദേശപ്രകാരം) പദ്ധതിയിലൂടെ നൽകുന്നു.
കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) സ്കീം
കാസ്‌പ് ഗുണഭോക്താക്കൾ അല്ലാത്തതും 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ള കുടുംബങ്ങൾക്കായി ഒറ്റത്തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) സ്കീമും നിലവിലുണ്ട്. കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്‌പ് ചികിത്സ ലഭിക്കുന്ന എല്ലാ ആശുപത്രികളിലും KBF ആനുകൂല്യവും ലഭിക്കും.