ചീഞ്ഞ ചിക്കനും പച്ചക്കറികളും; വന്ദേഭാരതിലും മറ്റ് ട്രെയിനുകളിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി | Stale food

വന്ദേഭാരത് ട്രെയിനിലും റെയിൽവേ കന്റീനുകളിലും കൊച്ചി കോർപറേഷന്റെ ആ‌രോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്
Stale food
Published on

കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയിൽവേ കന്റീനുകളിലും കൊച്ചി കോർപറേഷന്റെ ആ‌രോഗ്യവിഭാഗം പരിശോധന നടത്തി. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടിച്ചെടുത്തു. കൊച്ചി കടവന്ത്രയിൽ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു നടത്തുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാർ അടിസ്ഥാനത്തിലാണ് റെയിൽവേയ്ക്ക് ഭക്ഷണം നൽകുന്നത്. സ്ഥാപനത്തിന് കൊച്ചി കോർപറേഷന്റെ ലൈസൻസ് ഇല്ലെന്നും, നിരവധി തവണ പരാതികൾ ഉയർന്നതോടെയാണ് പരിശോധന നടത്തിയതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പഴകിയ ഭക്ഷണം പിടിച്ച സാഹചര്യത്തില്‍ പാചകശാല അടച്ചുപൂട്ടാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അധികൃതരും നിര്‍ദേശം നല്‍കി. പരിശോധനകള്‍ക്കു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

"ഏറെ നാളായി പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികൾ പരാതികൾ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയർന്നു. തുടർന്ന്, താനടക്കമുള്ളവർ മൂന്നു മാസം മുൻപ് സ്ഥലത്തെത്തി മുന്നറിയിപ്പ് നൽകിയിരുന്നു." - സ്ഥലം കൗൺസിലർ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയർന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കെട്ടിടത്തിൽ നിന്നു രൂക്ഷഗന്ധം ഉണ്ടായതോടെ പരിസരവാസികൾ കൗൺസിലറെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു. പരിശോധനയിൽ 50 കിലോയോളം ചീഞ്ഞ ചിക്കൻ കണ്ടെത്തി. ഈ കെട്ടിടത്തോടു ചേർന്നാണ് ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. ഇവിടെയും ചീഞ്ഞ ഭക്ഷണ പദാർഥങ്ങൾ നിരത്തിയിട്ടിരുന്നു. മാംസവും പച്ചക്കറികളുമെല്ലാം കാലാവധി കഴിഞ്ഞ് ചീഞ്ഞ അവസ്ഥയിലായിരുന്നു. ഈ സ്ഥാപനം കരാർ എടുത്തു നടത്തുന്നത് ആരാണെന്ന് അറിയില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com