വിവരാവകാശ നിയമത്തിൽ ഒഴിവ് കഴിവുകൾക്ക് ഇടമില്ലെന്ന് വിവരാവകാശ കമീഷണർ | Right to Information

കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
RTI
Published on

വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ടി കെ രാമകൃഷ്ണൻ. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ജീവനക്കാർ അവധിയിൽ ആണെന്നും മറ്റും പറഞ്ഞ് വിവരം നൽകാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ ചെയ്താൽ കർശന ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് കമീഷണർ മുന്നറിയിപ്പ് നൽകി. (Right to Information)

രേഖകളുടെ പകർപ്പിനായി ഫീസടക്കാൻ തെറ്റായ ഹെഡ് ഓഫ് അക്കൗണ്ട് നൽകിയ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് അപേക്ഷകന് രേഖകൾ സൗജന്യമായി നൽകാൻ കമീഷണർ നിർദ്ദേശിച്ചു. അപേക്ഷയിൽ ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ എടരിക്കോട് ഗ്രാമപഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് ഫയൽ കണ്ടെത്തി വിവരം നൽകണമെന്നും നഷ്ടരേഖകൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും നിർദ്ദേശിച്ചു. വിവരാവകാശ അപേക്ഷക്ക് വിവരം നൽകാതെ രേഖകൾ ഓഫീസിൽ വന്ന് പരിശോധിക്കാമെന്ന മറുപടി സ്വീകാര്യമല്ലെന്നും കമീഷണർ പറഞ്ഞു. ഹിയറിങ്ങിൽ പരിഗണിച്ച 14 പരാതികൾ തീർപ്പാക്കി.

Related Stories

No stories found.
Times Kerala
timeskerala.com