തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് സംഭരണവുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. സർക്കാരിൻ്റെ പുതിയ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് മില്ലുടമകളുടെ നിലപാട്.(Rice procurement in crisis, Mill owners will not cooperate, says Minister)
മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മുൻപും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. തുടർ ചർച്ചകൾക്കുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകൾ മുന്നോട്ടു പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിൽ പ്രതികരിച്ചു. എല്ലാ വർഷവും നെല്ല് സംഭരിക്കാറാവുന്ന സമയത്ത് സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടാറില്ല.
100 കിലോ നെല്ല് സംഭരിക്കുമ്പോൾ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്ന നിർദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഈ കാരണങ്ങൾകൊണ്ടാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശം തള്ളിക്കളയാൻ തീരുമാനിച്ചതെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.