ആലപ്പുഴ: അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെയും മാലിന്യങ്ങളെയും കണ്ടെത്തി. മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട അരിയിലാണ് ഈ ദുരവസ്ഥ. അരിയിൽ പുഴുക്കളെ കണ്ടതോടെ സാധനങ്ങൾ വാങ്ങാൻ എത്തിയവർ പ്രതിഷേധവുമായി മടങ്ങി.(Rice filled with worms and garbage in ration shops, Protest in Aroor)
എഴുപുന്ന, കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടകളിലെത്തിയ മിക്ക അരി ചാക്കുകളും കട്ടപിടിച്ച അവസ്ഥയിലായിരുന്നു. ഇത് പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ പുഴുക്കളെയും മറ്റ് മാലിന്യങ്ങളെയും കണ്ടെത്തിയത്.
ഡിസംബർ അവസാന ആഴ്ചയിൽ തുറവൂരിലെയും എഴുപുന്നയിലെയും സപ്ലൈകോ ഗോഡൗണുകളിൽ നിന്നാണ് ഈ അരി റേഷൻ കടകളിൽ എത്തിച്ചത്. ഗോഡൗണുകളിലെ അശാസ്ത്രീയമായ സംഭരണമാണ് അരി നശിക്കാൻ കാരണമെന്ന് ആരോപണമുണ്ട്.