ഹൃദയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ തലമുറ പേസ്‌മേക്കർ കോഴിക്കോട്ട്

ഹൃദയ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം; പുതിയ തലമുറ പേസ്‌മേക്കർ കോഴിക്കോട്ട്
Published on

കോഴിക്കോട്: നെഞ്ചിൽ ശസ്ത്രക്രിയ കൂടാതെ ഹൃദയമിടിപ്പ് ക്രമീകരിക്കുന്നതിനുള്ള നൂതന ചികിത്സാ രീതി കോഴിക്കോട്ട് ലഭ്യമായി തുടങ്ങി. ഹൃദയ ചികിത്സാരംഗത്ത് നിർണായക മുന്നേറ്റമായി കരുതുന്ന, ലീഡ്‌ലെസ് (വയറുകളില്ലാത്ത) പേസ്‌മേക്കറുകളാണ് ഈ മാറ്റത്തിന് പിന്നിൽ. ആഗോള ആരോഗ്യരംഗത്തെ പ്രമുഖരായ അബോട്ട് കമ്പനിയാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്.

ഹൃദയമിടിപ്പ് കുറയുന്ന 'ബ്രാഡികാർഡിയ' പോലുള്ള അവസ്ഥകൾക്ക് നിലവിൽ നെഞ്ചിന് താഴെ പേസ്‌മേക്കർ ഘടിപ്പിച്ച് വയറുകൾ ഹൃദയത്തിലേക്ക് ബന്ധിപ്പിക്കുകയാണ് പതിവ്. ഈ ശസ്ത്രക്രിയയിൽ മുറിപ്പാടുകൾ, വയറുകൾ പൊട്ടാനുള്ള സാധ്യത, അണുബാധ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാറുണ്ട്. പുതിയ ലീഡ്‌ലെസ് പേസ്‌മേക്കർ ഈ പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കാണുന്നു.

"ഈ സാങ്കേതികവിദ്യ ഹൃദ്രോഗ ചികിത്സയിൽ ഒരു വലിയ മുന്നേറ്റമാണ്. ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകളോടെയുള്ള ഈ ശസ്ത്രക്രിയ രോഗികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കും. നഗരങ്ങൾക്കു പുറത്തുള്ള രോഗികൾക്ക് തുടർ ചികിത്സാ പരിശോധനകൾക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ ഈ സാങ്കേതികവിദ്യ വഴി കുറയ്ക്കാൻ സാധിക്കും," കോഴിക്കോട് മെട്രോമെഡ് ഇൻ്റർനാഷണൽ കാർഡിയാക് സെൻ്ററിലെ കാത്ത് ലാബ് ഡയറക്ടറും സീനിയർ ഇലക്ട്രോഫിസിയോളജിസ്റ്റുമായ ഡോ. അരുൺ ഗോപി പറഞ്ഞു.

ഒരു പെൻസിൽ ബാറ്ററി നാലിരട്ടി ചെറുതാക്കിയ രൂപത്തിലാണ് ലീഡ്‌ലെസ് പേസ്‌മേക്കറുകൾ. തുടയിലെ രക്തക്കുഴലിലൂടെ ഒരു കത്തീറ്റർ ഉപയോഗിച്ചാണ് ഇത് ഹൃദയത്തിൻ്റെ വലത് വെൻട്രിക്കിളിൽ നേരിട്ട് ഘടിപ്പിക്കുന്നത്. നെഞ്ചിൽ മുറിവോ തടിപ്പോ ഇല്ലാത്തതിനാൽ സൗന്ദര്യപരമായും ഈ ചികിത്സാരീതി മെച്ചപ്പെട്ടതാണ്. കൂടാതെ, അണുബാധ, വയറുകൾക്ക് സംഭവിക്കുന്ന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ സാധിക്കുന്നത് രോഗികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു.

"നിലവിലുള്ള സാങ്കേതികവിദ്യയെക്കാൾ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം, ഡോക്ടർമാർക്ക് ഇത് വളരെ എളുപ്പത്തിൽ ഘടിപ്പിക്കാനും തിരികെ എടുക്കാനും സാധിക്കും. ഇത് രോഗികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുകയും ഹൃദയതാള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്നു," അബോട്ട് കമ്പനിയുടെ കാർഡിയാക് റിഥം മാനേജ്‌മെൻ്റ് ജനറൽ മാനേജർ അജയ് സിങ് ചൗഹാൻ പറഞ്ഞു.

ഹൃദയസംബന്ധമായ രോഗങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇനി എളുപ്പത്തിൽ ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com