തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് നാല് ശതമാനം ഡി.എ. (ക്ഷാമബത്ത) കുടിശ്ശിക ചേർത്തുള്ള പുതുക്കിയ ശമ്പളം ഇന്ന് മുതൽ ലഭിക്കും. ഒക്ടോബറിലെ ശമ്പളത്തോടൊപ്പമാണ് ഈ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.(Revised salary with 4% DA arrears added from today, Relief for government employees)
സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്‌കൂൾ ജീവനക്കാർ, തദ്ദേശസ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാർ എന്നിവർക്കാണ് ഈ പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവർക്കുള്ള പുതുക്കിയ പെൻഷനും ഇന്ന് മുതൽ ലഭിക്കും.
തസ്തികകൾക്കനുസരിച്ച് ശമ്പളത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലുള്ളവർക്ക് ഏറ്റവും കുറഞ്ഞത് 920 രൂപയുടെ വർദ്ധനവാണ് ഉണ്ടാകുക. ക്ലർക്ക് തസ്തികയിലുള്ളവർക്ക് 1060 രൂപയും എൽ.പി.എസ്.എ.ക്കാർക്ക് 1424 രൂപയും എച്ച്.എസ്.എ.ക്കാർക്ക് 1652 രൂപയും ശമ്പളത്തിൽ കൂടും. പോലീസ് കോൺസ്റ്റബിൾമാർക്ക് 1244 രൂപയും, അസിസ്റ്റൻ്റ് എൻജിനീയർമാർക്ക് 2208 രൂപയും, സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്, നഴ്സിങ് ഓഫീസർ തസ്തികയിലുള്ളവർക്ക് 1572 രൂപ വീതവുമാണ് വർദ്ധിക്കുക.
ഇപ്പോൾ നൽകുന്നത് 2023 ജനുവരി 1 മുതലുള്ള 4% കുടിശ്ശികയാണ്. ഈ ഗഡുവിൻ്റെ 34 മാസത്തെ കുടിശ്ശിക ഇനിയും നൽകാനുണ്ട്. അതേസമയം, അഞ്ചുഗഡുക്കളിലായി 13 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഇനിയും ബാക്കിയാണ്. 2023 ജൂലൈ 1 മുതലുള്ള 3%, 3%, 3%, 2%, 2% എന്നിങ്ങനെയുള്ള അഞ്ച് ഗഡുക്കളാണ് ഇനി നൽകാനുള്ളത്. ഈ സർക്കാരിൻ്റെ കാലത്ത് ഇതുവരെ അനുവദിച്ച 5 ഗഡുക്കളുടെ ആകെ 191 മാസത്തെ കുടിശ്ശികയും നൽകാനുണ്ട്.