
കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജെഎസ്കെ–ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ സിനിമ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി നാളെ ചിത്രം കാണുന്ന സാഹചര്യത്തിൽ ഇതിന്റെ തീരുമാനം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് വീണ്ടും 27നു പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ‘കോസ്മോ എന്റർടെയ്ൻമെന്റ്സ്’ ഹർജി നൽകിയത്.
ജൂൺ 12ന് സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചതാണെന്നും ഹര്‍ജിക്കാർ വാദിച്ചു. സ്ക്രീനിങ് കമ്മിറ്റി കണ്ട് അംഗീകരിച്ച് യു/എ സർട്ടിഫിക്കറ്റ് നൽകിയതാണ്. സാധാരണ നിലയ്ക്ക് ഇത് അംഗീകരിച്ചു സർട്ടിഫിക്കറ്റ് നൽകുകയാണു പതിവ്. എന്നാൽ ഇവിടെ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
'നാളെ ചേരുന്ന റിവ്യൂ കമ്മറ്റി യോഗത്തിന്റെ തീരുമാനം നിങ്ങളെ നേരിട്ട് അറിയിക്കില്ലേ?' എന്ന് ജസ്റ്റിസ് എന്‍. നഗരേഷ് ഹർജിക്കാരോട് ആരാഞ്ഞു. ഓരോ ദിവസവും റിലീസിങ് തീയതി നീട്ടിവയ്ക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയാണു നഷ്ടമാകുന്നതെന്നും ഹർജിക്കാർ പറഞ്ഞു. തുടർന്നാണു നാളെ നടക്കുന്ന റിവ്യൂ കമ്മിറ്റി യോഗത്തിന്റെ തീരുമാനം അറിയിക്കാൻ കോടതി നിർദേശിച്ചത്. സിനിമയുടെ റിലീസിങ് നിശ്ചയിച്ചിരുന്ന തീയതിയായ 27ന് കേസ് വീണ്ടും പരിഗണിക്കും.