റവന്യൂ ജില്ലാ കലോത്സവം : നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ

റവന്യൂ ജില്ലാ കലോത്സവം : നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ
Published on

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയിൽ 22 വേദികളിലായി നവംബർ 18 മുതൽ 21 വരെ റവന്യൂ ജില്ലാ കലോത്സവം നടക്കും.

വിദ്യാർത്ഥികൾക്ക് അവരുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനും അത് മികവാർന്ന രീതിയിൽ വളർത്തിയെടുക്കാനും വേദി ഒരുക്കുകയാണ് ഇത്തരം കലോത്സവങ്ങളിലൂടെ എന്ന് മന്ത്രി പറഞ്ഞു. മയക്കുമരുന്നിന്റെ ഉപയോഗം വലിയ രീതിയിൽ സമൂഹത്തിൽ കയറി ക്കൂടുമ്പോൾ അതിനെതിരായിട്ടുള്ള ഏറ്റവും വലിയ പ്രതിരോധം കൂടിയാണ് സർഗാത്മകമായ വേദികളിൽ കുട്ടികളെ സജീവമാക്കുക എന്നത്. ഉന്നത നിലവാരത്തോടെ ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൊലിമയോട് കൂടിവേണം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സംഘടിപ്പിക്കേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. പരാതികൾ ഇല്ലാതെ സമർത്ഥമായ രീതിയിൽ സംഘാടനം കാഴ്ചവെയ്ക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, എംപിമാരായ സുരേഷ് ഗോപി, കെ.രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ , ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, മേയർ എം കെ വർഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് മേധാവി( റൂറൽ) ബി.കൃഷ്ണകുമാർ എന്നിവർ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സംഘാടക സമിതിയുടെ ചെയർപേഴ്സനാണ്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് വർക്കിംഗ് ചെയർപേഴ്സനായും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ ജനറൽ കൺവീനറായും ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധികളും ജില്ലയിലെ എഇഒ മാരും പ്രിൻസിപ്പൽമാരും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 18 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട നഗരസഭ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്‌, ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, ഇരിങ്ങാലക്കുട ഡി.ഇ.ഒ ടി.ഷൈല, ഹയർസെക്കൻഡറി കോഡിനേറ്റർ ടി.എം ലത , എ.ഇ.ഒ മാരായ കെ.കെ സുരേഷ്, സുനിൽകുമാർ, രാജീവ്, ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ പ്രധാന അധ്യാപിക ടി.കെ ലത, എൽ. എഫ്.സി.എച്ച്.എസ് പ്രധാനാധ്യാപകൻ ലിജോ വർഗീസ്, ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സോണിയ ഗിരി, ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽമാർ തുടങ്ങിയവർ സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com