മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകും : മന്ത്രി സജി ചെറിയാൻ

saji cheriyan
Published on

മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളും ക്ഷേമനിധിയിൽ അടച്ച അംശാദായവും അനുയോജ്യമായ സർക്കാർ വിഹിതവും ചേർത്താണ് വിരമിക്കൽ ആനുകൂല്യം നൽകുക. നിലവിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച 62000 അംഗങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ക്ഷേമപെൻഷൻ വാങ്ങുന്ന 5000 പേർക്കും ഉൾപ്പടെ 67000 പേർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. അടച്ച സംഖ്യ തിരിച്ചു നൽകുന്നതിന് വേണ്ടിയുള്ള 12.15 കോടി രൂപ അനുവദിക്കണമെന്ന ക്ഷേമനിധി ബോർഡിന്റെ ആവശ്യം അംഗീകരിച്ച് 2 കോടി രൂപ ആദ്യഘട്ടമായി സർക്കാർ അനുവദിച്ചു. ബാക്കി ഘട്ടം ഘട്ടമായി അനുവദിച്ച് റിട്ടയർമെൻറ് ബെനിഫിറ്റ് സ്‌കീം നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഒരു തവണയെങ്കിലും അംശദായം അടച്ച അംഗത്തിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ ആനുകൂല്യം ലഭിക്കും. വിരമിക്കൽ ആനുകൂല്യത്തിന് അർഹരായ അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള നടപടി ഒക്ടോബർ 30 നുള്ളിൽ പൂർത്തിയാക്കും. 2026 ജനുവരി 26 ന് സേവനത്തിന്റെ 40 വർഷം പൂർത്തീകരിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചരിത്രപരമായ തീരുമാനമാണിത്. റിട്ടയർമെൻറ് ബെനിഫിറ്റ് സ്‌കീം നടപ്പിലാക്കണമെന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ദീർഘകാല ആവശ്യം സർക്കാർ നടപ്പിലാക്കുകയാണെന്നും മത്സ്യത്തൊഴിലാളി മേഖലയിൽ വലിയ ആശ്വാസം പകരുന്ന തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.

പീലിംഗ് തൊഴിലാളികളായ സ്ത്രീകൾക്ക് ചികിത്സാ സഹായം അനുബന്ധ തൊഴിലാളികളിലെ പ്രധാന വിഭാഗമായ പീലിംഗ് തൊഴിലാളികളിൽപ്പെടുന്ന സ്ത്രീകൾക്ക് തൊഴിലിന്റെ ഭാഗമായി ഉണ്ടാകുന്ന സവിശേഷ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചികിത്സാ സഹായത്തിനായി സർക്കാർ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രധാനമായും കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് ഈ മേഖലയിലെ കൂടുതൽ തൊഴിലാളികളും ജോലി ചെയ്യുന്നത്. ഇതിൽ 99 ശതമാനവും സ്ത്രീകളാണ്. തൊഴിലിന്റെ ഭാഗമായി ഇവർക്ക് ഉണ്ടാകുന്ന പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങൾ നിലവിലുള്ള ക്ഷേമ പദ്ധതികളിലൂടെ പൂർണ്ണമായും പരിഹരിക്കാൻ കഴിയുന്നതല്ല. ഇവർക്ക് ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സാ ചെലവ് നിർവഹിക്കുന്നതിനായി 1.5 കോടി രൂപയുടെ സമഗ്ര പദ്ധതി നടപ്പിലാക്കണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആവശ്യം പരിഗണിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ അരൂരിൽ പീലിംഗ് തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അടുത്ത മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന് അമ്പലപ്പുഴയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com