തിരുവനന്തപുരം : നാടകീയ രംഗങ്ങളാണ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖറിൻ്റെ ആദ്യ വാർത്താസമ്മേളനത്തിൽ അരങ്ങേറിയത്. മാധ്യമപ്രവർത്തകനെന്ന നിലയിൽ അദ്ദേഹത്തെ സമീപിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ പരാതി ഉന്നയിക്കുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.(Retired police officer in DGP's press meet)
'നരിവേട്ട' എന്ന ചിത്രത്തിൽ തൻ്റെ പേര് ദുരുപയോഗം ചെയ്‌തെന്നാണ് ബഷീർ ഇ പിയുടെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോൾ താൻ കണ്ണൂരിൽ ഡി ഐ ജി ഓഫീസിൽ ജോലി ചെയ്യുകയായിരുന്നുവെന്നും സിനിമയിലെ കഥാപത്രത്തിൻ്റെ പേര് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതിൻ്റെ തിരക്കഥ ഉണ്ടാക്കിയത് പോലീസിൽ കുറച്ചു കാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്തേക്ക് പോയ പോലീസുകാരാണ് എന്നും ബഷീർ ആരോപിച്ചു.
മുപ്പത് വർഷത്തോളം സർവ്വീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഡി ജി പി ചുമതലയേറ്റെടുക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടില്ല എന്നും, സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ ഇരുന്ന തന്നെ നിര്‍ബന്ധപൂര്‍വം വാര്‍ത്താസമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് അയച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.