
കൊച്ചി: അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിനാണ് ഇയാള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സെക്രട്ടറിയേറ്റിലെ ജനറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം. ശനിയാഴ്ച ഉച്ച 1.50ന് എറണാകുളം ഹൈകോർട്ട് ജംഗ്ഷനിലെ വാട്ടർ മെട്രോ സ്റ്റേഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജയനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
കോട്ടയം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. വിജയന്റെ കോഴിക്കോട് വടകര തോടന്നൂർ കീഴൽ എന്ന സ്ഥലത്തുള്ള വീട്ടിൽ വിജിലൻസ് സംഘം സെർച്ച് നടത്തുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.