ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നൽകിയ ശേഷം തന്ത്രി കണ്ഠരര് രാജീവരര് തന്റെ നിലപാട് മാധ്യമങ്ങളോട് വ്യക്തമാക്കി. തനിക്ക് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. (Responsibility lies with Devaswom Board, Thantri in Sabarimala gold theft case)
ശബരിമലയിൽ താൻ ചെയ്തത് താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ്. ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മുഴുവൻ ഉത്തരവാദിത്തവും ദേവസ്വം ബോർഡിനാണ് ഉള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ജോലി ചെയ്തിരുന്ന ആളായതുകൊണ്ട് പോറ്റിയെ തനിക്കറിയാം.
ദൈവതുല്യരായിട്ടുള്ള എത്രപേരുണ്ട്, അതൊക്കെ എങ്ങനെ തനിക്കറിയാമെന്നും, അനുജ്ഞ കൊടുക്കുക എന്ന ഒറ്റ ഉത്തരവാദിത്തം മാത്രമേ തനിക്കുള്ളൂ എന്നും തന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് കണ്ഠരര് രാജീവരര്, മോഹനരര് എന്നിവരുടെ മൊഴി എസ്.ഐ.ടി. ഓഫീസിലെത്തി രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണെന്നും, ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴിയിൽ വ്യക്തമാക്കിയത്. അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ ഈ നിർണായക മൊഴിയെടുത്തത്.