
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. ഒക്ടോബര്‍ എട്ടിന് സെക്രട്ടേറിയറ്റിനു മുന്നിലും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്ന് എം.എം.ഹസന് അറിയിച്ചു. തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യന്‍ അന്വേഷണം നടത്തുക, മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, അഴിമതിക്കാരനായ എഡിജിപി എം.ആര്. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യുക, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നതെന്ന് ഹസൻ പറഞ്ഞു.
മോദി-പിണറായി സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ വിജയം. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിനേക്കാള്‍ വലിയ വിജയം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്ത് ഇരുന്ന് അവരുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്ത വ്യക്തിയാണ് അന്‍വര്‍. അങ്ങനെയുള്ള വ്യക്തിയുടെ ആരോപണങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യം മാത്രമാണ് യുഡിഎഫ് ഇതിന് നല്‍കുന്നത്. പിണറായി സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനുള്ള ശക്തി കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്.