തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി. കോൺഗ്രസ് നേതൃത്വം ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെടണമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. തുടർച്ചയായ മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായിട്ടും കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Resign from the MLA post, BJP reacts to Rahul Mamkootathil's arrest)
ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പോലീസ് പഴുതടച്ച തെളിവുകൾ ശേഖരിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കി രാഹുലിനെ ഉടൻ തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയിൽ രാഹുലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി ലൈംഗികമായി ആക്രമിച്ചെന്നും മുഖത്ത് അടിക്കുകയും ശരീരമാകെ മുറിവേൽപ്പിക്കുകയും ചെയ്‌തുവെന്നും യുവതി ആരോപിക്കുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം താൻ ഗർഭിണിയായപ്പോൾ രാഹുൽ അസഭ്യം പറയുകയും കുഞ്ഞിന്റെ പിതൃത്വത്തെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് ഡിഎൻഎ പരിശോധനയ്ക്ക് താൻ തയ്യാറായതായും യുവതി പറയുന്നു. പ്രണയബന്ധം നടിച്ചും ഫ്ലാറ്റ് വാങ്ങാനെന്ന പേരിലും വലിയ തോതിൽ സാമ്പത്തിക സഹായം കൈപ്പറ്റിയതായും പരാതിയിലുണ്ട്.
ആദ്യത്തെ രണ്ട് കേസുകളിൽ രാഹുലിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നെങ്കിലും, മൂന്നാമത്തെ കേസിൽ പോലീസ് നേരിട്ട് അറസ്റ്റ് രേഖപ്പെടുത്തിയത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുവതി വീഡിയോ കോൺഫറൻസിങ് വഴി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.