'സംവരണം മതാടിസ്ഥാനത്തിലല്ല, ഭരണഘടന അനുസരിച്ച്': മറുപടിയുമായി KRLCC | Reservation

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ പ്രസ്താവന തിരുത്തണമെന്ന് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു.
'സംവരണം മതാടിസ്ഥാനത്തിലല്ല, ഭരണഘടന അനുസരിച്ച്': മറുപടിയുമായി KRLCC | Reservation
Published on

കോട്ടയം : കേരളത്തിലെ മുസ്‌ലിങ്ങൾക്കും ക്രൈസ്തവർക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹിറിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്ന് കെ.ആർ.എൽ.സി.സി. (കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ) വൈസ് പ്രസിഡൻ്റും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു.(Reservation is not based on religion, but according to the Constitution, KRLCC responds)

ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് പറയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യത്തിനും നീതിക്കും വേണ്ടിയാണ് സാമുദായിക സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തെ പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ലഭിക്കുന്നത് ഈ അടിസ്ഥാനത്തിലാണെന്നും, അല്ലാതെ മതവിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നതെന്നും ജോസഫ് ജൂഡ് വ്യക്തമാക്കി.

കേരളത്തിലെ ക്രൈസ്തവരിൽ മുന്നാക്ക ക്രൈസ്തവരും ദളിത്-ആദിവാസി ക്രൈസ്തവർ ഉൾപ്പെടെയുള്ള പിന്നാക്ക ക്രൈസ്തവരും ഉണ്ട്. മുന്നോക്ക ക്രൈസ്തവർക്ക് സാമുദായിക സംവരണം ഇല്ല. ലഭിക്കുന്നത് ഇ.ഡബ്ല്യു.എസ്. (EWS) സംവരണമാണ്.

ആദിവാസി ക്രൈസ്തവർക്ക് എസ്.ടി. (ST) സംവരണം ലഭിക്കുന്നു. ഇതര പിന്നാക്ക ക്രൈസ്തവർക്ക് ഒ.ബി.സി. (OBC) സംവരണമാണ് ലഭിക്കുന്നത്. ദളിത് ക്രൈസ്തവർക്ക് എസ്.സി. (SC) പദവി ലഭിക്കുന്നതിനുള്ള കേസിൻ്റെ വിചാരണ സുപ്രീം കോടതിയിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ വസ്തുതകൾ മനസ്സിലാക്കി പ്രസ്താവന തിരുത്തണമെന്ന് ജോസഫ് ജൂഡ് ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com