
ബിഗ് ബോസ് സീസൺ ഏഴിൽ ഏറെ ജനപിന്തുണ ലഭിച്ച മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ കഴിഞ്ഞ ദിവസം ഓണം സ്പെഷ്യൽ എപ്പിസോഡിൽ രേണു സുധി സ്വമേധയ ഷോയിൽ നിന്ന് ഇറങ്ങിപോയിരുന്നു. ആദ്യ ആഴ്ച മുതൽ വീട്ടിൽ തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് രേണു പറയുന്നുണ്ടായിരുന്നു. ശാരീരികമായും മാനസീകമായി താൻ വളരെ ക്ഷീണിതയാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു. മക്കളെ കാണാൻ പറ്റാത്തത് ഓർത്ത് നിരന്തരം രേണു കരയുന്നതും ലൈവിലും എപ്പിസോഡിലും കാണാമായിരുന്നു. ഇതോടെയാണ് ഷോ ക്വിറ്റ് ചെയ്തത്.
ഷോയിൽ നിന്നും ഇറങ്ങിയ രേണു കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇളയമകൻ റിഥപ്പന്റെ അടുത്തേക്കാണ് ആദ്യം ഓടിയത്. രേണുവിനെ കാത്ത് മകൻ വീട്ടുമുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടയുടനെ വാരിപ്പുണർന്നും ഉമ്മവച്ചും കൊഞ്ചിച്ചും രേണു സമയം ചിലവഴിച്ചു. മകന് നൽകാനായി നിറയെ ചോക്ലേറ്റുകളും രേണു കയ്യിൽ കരുതിയിരുന്നു.
ഷോയിൽ നിന്നും എവിക്ടായശേഷം രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറെ ദിവസത്തിനു ശേഷം പുറം ലോകം കാണുന്നതിന്റെ ത്രില്ലുണ്ടെന്നാണ് രേണു പറയുന്നത്. "മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു. നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം. നൂറ് ദിവസം നിൽക്കുന്നവർ നിൽക്കട്ടെ. അതിൽ തനിക്ക് സന്തോഷം മാത്രമേയുള്ളു. അവർ മെന്റലി ഓക്കെയായിരിക്കും. എന്നാൽ ഞാൻ ഓക്കെയായിരുന്നില്ല." എന്നാണ് രേണു പറയുന്നത്.
തുടർച്ചയായി ബിഗ് ബോസ് കാണുന്ന ആളല്ല താനെന്നും രേണു പറയുന്നു. പുറത്തുള്ളപ്പോൾ മെന്റലി സ്ട്രോങ്ങാണെങ്കിലും വീട്ടിനകത്ത് കയറിയാൽ ചിലർ ഡൗണായിപ്പോകുമെന്നും എന്നാൽ ചിലർ അവിടെ അതിജീവിക്കുമെന്നുമാണ് രേണു പറയുന്നത്. 35 ദിവസം നിൽക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും പ്രേക്ഷകരുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദിയെന്നും രേണു പറഞ്ഞു.