ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി നടേശൻ. ശിവഗിരിയിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ റിപ്പോർട്ടർ എം.എസ്.എഫ് നേതാവാണെന്നും ഇയാൾ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദിയാണെന്നും അദ്ദേഹം ആരോപിച്ചു.(Remember what was said when you took the money, Vellapally Natesan to Binoy Viswam)
തനിക്ക് 89 വയസ്സുണ്ട്. റിപ്പോർട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട്. അതൊന്നും പരിഗണിക്കാതെയാണ് ശിവഗിരിയിൽ തന്നെ വളഞ്ഞത്. പുണ്യസ്ഥലത്ത് വെച്ച് ചോദിക്കേണ്ട ചോദ്യങ്ങളല്ല അയാൾ ചോദിച്ചത്. തന്നെ ബോധപൂർവ്വം മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നു. ഇതിനായി ഈ തീവ്രവാദിയായ മാധ്യമപ്രവർത്തകനെ ആരോ അയച്ചതാണ്. താൻ എപ്പോഴും മതസൗഹാർദ്ദത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്.
മുസ്‌ലിം നേതാക്കൾ വർഗ്ഗീയ പ്രസംഗം നടത്തുമ്പോൾ അത് ചർച്ചയാക്കാത്ത ചാനലുകൾ, താൻ വല്ലതും പറയുന്നത് കാത്തിരിക്കുകയാണ്. തന്നെ ഇതര മതവിരോധിയും സ്ത്രീവിരോധിയുമാക്കി മാറ്റാനാണ് നീക്കം. അധികാരം ഉപയോഗിച്ച് മുസ്‌ലിം ലീഗ് അനർഹമായത് നേടിയെടുത്തു. തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കാത്തത് ആരാണെന്ന് എല്ലാവർക്കും അറിയാം. സാമൂഹിക നീതിയെക്കുറിച്ചുള്ള ചർച്ചകളിൽ എന്തുകൊണ്ടാണ് ഇതൊന്നും വരാത്തതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് കയർത്ത വെള്ളാപ്പള്ളി, തന്റെ അനുഭവങ്ങളുടെയും ബോധ്യങ്ങളുടെയും വെളിച്ചത്തിലാണ് ഈ പരാമർശങ്ങൾ നടത്തുന്നതെന്നും ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള രാഷ്ട്രീയ പോര് വ്യക്തിപരമായ ആരോപണങ്ങളിലേക്ക് നീങ്ങുന്നു. ബിനോയ് വിശ്വത്തിന്റെ കാറിൽ കയറേണ്ട ഗതികേട് തനിക്കില്ലെന്ന് പരിഹസിച്ച വെള്ളാപ്പള്ളി, സി.പി.ഐ നേതാക്കൾ തന്റെ പക്കൽ നിന്ന് പണം വാങ്ങിയ ചരിത്രവും ഓർമ്മിപ്പിച്ചു.
സി.പി.ഐ നേതാക്കൾ തന്റെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ പറഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ട്. അത് ഇപ്പോൾ ഇവിടെ പറയുന്നില്ല. എം.എൻ. ഗോവിന്ദൻ നായരെപ്പോലുള്ള മഹാൻമാർ തന്റെ കാറിൽ കയറിയിട്ടുണ്ട്. 'ചതിയൻ ചന്തു' എന്ന് വിളിച്ച പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നു. പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മുഖ്യമന്ത്രിയുടെ ജിഹ്വയല്ലെന്നും സ്വന്തം നിലപാടുകളാണ് പറയുന്നതെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു.
വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയ ബിനോയ് വിശ്വം, എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവിയുടെ മഹത്വം വെള്ളാപ്പള്ളി മറക്കരുതെന്ന് ഓർമ്മിപ്പിച്ചു. തെറ്റായ വഴിയിലൂടെ ഒരു രൂപ പോലും സി.പി.ഐക്കാർ വാങ്ങില്ല. തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയിട്ടുണ്ടാകാം, അതല്ലാതെ ഒരു കാശും വാങ്ങിയിട്ടില്ല. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാൻമാർ ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്. ആ പദവിയുടെ അന്തസ്സ് അദ്ദേഹം കാത്തുസൂക്ഷിക്കണം.
വെള്ളാപ്പള്ളിയല്ല എൽ.ഡി.എഫ്. മുന്നണിക്ക് മാർക്കിടാൻ ആരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ല. "ബിനോയ് വിശ്വമല്ല പിണറായി വിജയൻ" എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയാണ്. പിണറായിക്ക് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകൾ ഉണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.