തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. പൊതുമരാമത്ത് നടപടിക്രമങ്ങൾ പൂർണ്ണമായും മറികടന്ന് പത്മകുമാർ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.(Remand report against A Padmakumar in Sabarimala gold robbery case released)
സ്വർണ്ണപ്പാളികൾ ക്ഷേത്രത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനായി പത്മകുമാർ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2019-ൽ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൻ്റെ മിനുട്സിൽ പത്മകുമാർ സ്വന്തം കൈപ്പടയിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 'സ്വർണ്ണപ്പാളികൾ' എന്നതിനു പകരം 'ചെമ്പുപാളികൾ' എന്ന് അദ്ദേഹം എഴുതിച്ചേർത്തുവെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.
നിർണ്ണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെയാണ് എ. പത്മകുമാറിൻ്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഇയാളെ റിമാൻഡ് ചെയ്തു.
ഇയാൾക്ക് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളും ബോർഡ് മിനുട്സിലെ തിരുത്തലുകളും. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറാനുള്ള നിർദേശം പത്മകുമാറാണ് ആദ്യം ദേവസ്വം ബോർഡിൽ അവതരിപ്പിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രധാന കണ്ടെത്തൽ.
ബോർഡ് അംഗങ്ങൾ അപേക്ഷ താഴെ തട്ടിൽ നിന്നും വരട്ടെ എന്ന് നിർദേശിച്ചതോടെയാണ് മുരാരിയിൽ നിന്നും കത്തിടപാടുകൾ തുടങ്ങുന്നത്. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥ മൊഴികളിൽ പറയുന്നത്. കൂടാതെ, ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ പത്മകുമാർ തിരുത്തലുകൾ വരുത്തിയെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റ് ചെയ്തപ്പോൾ "നിങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു" എന്നാണ് പത്മകുമാർ അന്വേഷണ സംഘത്തോട് പ്രതികരിച്ചതെന്നാണ് വിവരം. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതുസംബന്ധിച്ച റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളുമാണ് പത്മകുമാറിന് കേസിൽ പ്രധാന തിരിച്ചടിയായത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടലുകൾ എസ്ഐടി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
നിർണായക തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് 3.30ഓടെയാണ് പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുള്ള നടപടിയായതിനാൽ പ്രത്യേക സംഘം അതീവ കരുതലോടെയാണ് അറസ്റ്റിന് മുൻപ് കരുക്കൾ നീക്കിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം, സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ദേവസ്വം ബോർഡിൻ്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സർക്കാർ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തൻ്റെ മുന്നിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.