നിപയില്‍ ആരോഗ്യവകുപ്പിന് ആശ്വാസം; പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ് | Nipah

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിനിയുടെ മകളുടെയും ബന്ധുവായ കുട്ടിയുടെയും ഫലമാണ് നെഗറ്റീവ് ആയത്
Nipah
Published on

പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള യുവതിയുടെ അടുത്ത ബന്ധുവായ പത്തു വയസ്സുകാരിയുടേയും, യുവതിയുടെ മകളുടേയും സാംപിള്‍ പരിശോധനയിൽ ഫലം നെഗറ്റീവ് ആണ്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കുട്ടികള്‍ക്കാണ് പനിയുടെ ലക്ഷണം കണ്ടത്. രോഗവ്യാപന ഭീതി കണക്കിലെടുത്ത്, സാംപിള്‍ വിശദ പരിശോധയ്ക്ക് അയക്കുകയായിരുന്നു. ഈ ഫലം നെഗറ്റീവ് ആയത് ആരോഗ്യവകുപ്പിന് ആശ്വാസകരമായിട്ടുണ്ട്.

നിലവില്‍ 91 പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുമായി നേരിട്ട് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഈ പട്ടികയിലുള്ളവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം, തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്.

ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പാലക്കാട് എത്തി അവലോകനയോ​ഗം ചേരും. പ്രദേശത്ത് വവ്വാലുകളുടെ അടക്കം വിസർജ്യം മൃ​ഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com