
കൊച്ചി: മുനമ്പം ഭൂമി തർക്കത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷന് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നിർണായകമായ ഈ നടപടി. ഹർജിക്കാർക്ക് ഈ വിഷയത്തിൽ നിയമപരമായ ലോക്കൽ സ്റ്റാൻഡി (Local Standi - കേസ് കൊടുക്കാനുള്ള അധികാരം) ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ, ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശകളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.
മുമ്പ്, ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോർഡ് വ്യക്തമാക്കിയ സാഹചര്യത്തിൽ, വിഷയം പരിഗണിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കമ്മീഷൻ നിയമനം റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.