തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വൈഷ്ണ സുരേഷ് മത്സരിക്കും.സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും നിർദേശമുണ്ട്. കോർപ്പറേഷൻ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർക്കാണ് നിർദേശം നൽകിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹിയറിങ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം എടുത്തത്. കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോൺഗ്രസ് അവതരിപ്പിച്ചത്. വോട്ടര്‍ അപേക്ഷയില്‍ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവായത്.