തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് ഒ.പി. ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഇനി റിലേ അടിസ്ഥാനത്തിൽ ഒ.പി. ബഹിഷ്‌കരണ സമരം നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു.( Relay OP boycott strike will be held, says Doctors)
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്നില്ല എന്ന് ഇവർ പറയുന്നു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ട്രാൻസ്ഫർ നടപടികൾ അശാസ്ത്രീയമാണ് എന്നും, പുതിയ നിയമനം നടത്താതെ, ഡോക്ടർമാരെ പുനർവിന്യസിച്ചുള്ള താത്കാലിക സംവിധാനം അവസാനിപ്പിക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.
പല മെഡിക്കൽ കോളേജുകളിലും പ്രാഥമിക ചികിത്സ പോലും നൽകുന്നത് പ്രയാസകരമാണ് എന്നും, ഇടുക്കിയിലും കോന്നിയിലും മിനിമം സംവിധാനങ്ങൾക്കുള്ള ഡോക്ടർമാർ പോലുമില്ലെന്ന് ഡോ. റോസറീന ബീഗം ചൂണ്ടിക്കാട്ടി.
പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കണം എന്നും, സൂപ്പർ സ്പെഷ്യാലിറ്റി പോസ്റ്റുകൾ മാത്രം സൃഷ്ടിച്ചിട്ട് കാര്യമില്ല, രോഗി പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം എന്നും, സർക്കാർ മെഡിക്കൽ കോളേജുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല എന്നും ഇവർ ചൂണ്ടിക്കാട്ടി.
രോഗി പരിചരണത്തെ ബാധിക്കുന്ന സമരം നടത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാൽ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. സർക്കാർ സാമ്പത്തിക പ്രതിസന്ധി പറയുന്നത് കാര്യമാക്കാനാവില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.