വാഹനാപകടമോ അതോ കൊലപാതകമോ? : കോട്ടയത്ത് യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ | Death

ജയൻ്റെ തലയ്ക്ക് പിന്നിൽ അടിയേറ്റ പാടുണ്ട്.
വാഹനാപകടമോ അതോ കൊലപാതകമോ? : കോട്ടയത്ത് യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ | Death
Published on

കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കൊലപാതക സാധ്യത ആരോപിച്ച് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ. ജയന്റെ (43) മരണത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്.(Relatives allege mystery in youth's death in Kottayam)

ഒക്ടോബർ 10-ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് ജയനെ ആശുപത്രിയിലെത്തിച്ചത്. ഏതോ വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ ആദ്യം മൊഴി നൽകിയത്. എന്നാൽ സുഹൃത്തിന്റെ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത മരങ്ങാട്ടുപിള്ളി പോലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.

അപകടമല്ല, കൊലപാതകമാണ് നടന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവസ്ഥലത്തേക്ക് പോയത്. അവിടെ വെച്ച് ജയനും സുഹൃത്തുക്കളുമായി വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതിൻ്റെ ചിത്രങ്ങൾ ജയൻ്റെ ഫോണിലുണ്ട്.

ജയൻ്റെ തലയ്ക്ക് പിന്നിൽ അടിയേറ്റ പാടുണ്ട്. കൂടാതെ കഴുത്തിന് താഴെ മുറിവേറ്റ പാടുകളും കാണപ്പെടുന്നു. സംഭവ ദിവസം രാത്രി ഈ ഭാഗത്തുനിന്നും ജയന്റെ നിലവിളികൾ അയൽവാസികൾ കേട്ടതായി ബന്ധുക്കൾ പറയുന്നു. കാർ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയതാണ് മരണകാരണം. കാർ പിന്നോട്ട് എടുത്തപ്പോൾ റോഡിൽ കിടന്ന ജയനെ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ കാറിന്റെ മുൻ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളിൽ രക്തക്കറയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com