തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. 21 വര്‍ഷം മുൻപ് കേരള രാഷ്ട്രീയത്തില്‍ നിന്ന് പിൻവാങ്ങിയതാണെന്നും ഇങ്ങനെയൊരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ലെന്ന് എ കെ ആന്‍റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2004 കേരള രാഷ്ട്രീയം വിട്ടതാണ്. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങൾ നടക്കുന്നു. എൽഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങൾ ഇന്നലെയും ആവർത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട്‍ മുത്തങ്ങയുമാണ്.താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണ്. തന്റെ അഭ്യർഥന മാനിച്ചാണ് ചേർത്തല സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിയിൽ ആദ്യം പൊലീസ് ഇടപെടൽ നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല.1995-ല്‍ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനായിരുന്നു അത്. അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമായിരുന്നു. ശിവഗിരിയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരക്കൈമാറ്റം നടത്തണമെന്നും അത് പോലീസിന്റെ ചുമതലയാണെന്നുമുള്ള ഹൈക്കോടതി നിര്‍ദേശം വന്നപ്പോഴാണ് അങ്ങനെയൊരു സംഭവം ഉണ്ടായത്.
എല്ലാ നടപടിയും പൊലീസ് എടുക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ അല്ല പൊലീസ് പോയത്. പ്രകാശാനന്ദയ്ക്ക് ചുമതല കെമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന് വാദിച്ചു. കീഴ്കോടതി വിധികൾ പ്രകാശാനന്ദയ്ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി 2 തവണ പോയിട്ടും അധികാര കൈമാറ്റം നടന്നില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു. 21 വർഷമായിട്ട് ഇത് പാടിക്കൊണ്ട് നടക്കുന്നു. ഇ കെ നായനാർ അധികാരത്തിൽ വന്നശേഷം ഒരു കമ്മീഷനെ വച്ചു. ശിവഗിരിയിൽ നടന്ന സംഭവങ്ങൾ അന്വേഷിക്കാനായിരുന്നു കമ്മീഷൻ. സർക്കാരിനോട് തനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, സർക്കാർ നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മീഷന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുത്തങ്ങ വെടിവെപ്പിൽ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി വ്യക്തമാക്കി. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നത്. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും പ്രസിദ്ധീകരിക്കണം. മാറാട് കലാപത്തിലും റിപ്പോർട്ട് പുറത്തുവരട്ടേ.ഞങ്ങള്‍ ആദിവാസികളെ ചുട്ടുകൊന്നു എന്നാണ് അന്ന് ഇടതുപക്ഷവും മാധ്യമങ്ങളും ആരോപിച്ചത്. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് ഞങ്ങളാണ്.
താൻ ഡൽഹിക്ക് പോയതോടെ സത്യം പറയാൻ ആരും ഇല്ലാതെയായി. താൻ മരിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ തുറന്നു പറയും. തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായ ചില കാര്യങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആളുകളുടെ ചോര കണ്ടാൽ തനിക്ക് സന്തോഷം വരില്ല. ജീവിതത്തിൽ ശരികളും തെറ്റുകളുമുണ്ട്. ശിവഗിരിയിലെ പൊലീസ് നടപടി ഒഴിവാക്കാൻ താൻ ശ്രമിച്ചതാണെന്നും ആന്റണി കൂട്ടിച്ചേർത്തു.