'LDF മേയറുടെ സംഘപരിവാർ പ്രശംസ BJP ഡീലിൻ്റെ പ്രതിഫലനം': തൃശൂർ മേയർക്കെതിരെ TN പ്രതാപൻ | BJP

മേയർ പച്ചനുണ പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'LDF മേയറുടെ സംഘപരിവാർ പ്രശംസ BJP ഡീലിൻ്റെ പ്രതിഫലനം': തൃശൂർ മേയർക്കെതിരെ TN പ്രതാപൻ | BJP
Published on

തൃശൂർ : കോർപ്പറേഷൻ വികസനത്തിന് സഹായിച്ചില്ലെന്ന തൃശൂർ മേയർ എം.കെ. വർഗീസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടി.എൻ. പ്രതാപൻ എം.പി. രംഗത്ത്. എൽ.ഡി.എഫ്. മേയറുടെ സംഘപരിവാർ പ്രശംസ ബി.ജെ.പി.യുമായി ഉണ്ടാക്കിയ ഡീലിന്റെ പ്രതിഫലനമാണെന്ന് ടി.എൻ. പ്രതാപൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.(Reflection of BJP deal, TN Prathapan against Thrissur Mayor)

തൃശൂർ എം.പി.യായിരുന്ന കാലത്ത് കോർപ്പറേഷന്റെ വികസനത്തിന് ഒരു രൂപ പോലും തന്നില്ലെന്നും എന്നാൽ എം.പി. അല്ലാത്ത സുരേഷ് ഗോപി ഒരു കോടി രൂപ നൽകിയെന്നുമാണ് മേയർ എം.കെ. വർഗീസ് നേരത്തെ പറഞ്ഞിരുന്നത്.

മേയർ പച്ചനുണ പറയുകയാണെന്ന് ആരോപിച്ച ടി.എൻ. പ്രതാപൻ, തൻ്റെ എം.പി. ഫണ്ടിൽ നിന്ന് തൃശൂർ കോർപ്പറേഷൻ പരിധിയിൽ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടു. 2019 മുതൽ 2025 വരെ തൃശൂർ കോർപ്പറേഷൻ പരിധിയിൽ 3,57,72,000 രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എം.പി. ഫണ്ടിൽ നിന്ന് വിനിയോഗിച്ചത്.

"ടി.എൻ. പ്രതാപൻ ഒരു രൂപ പോലും കോർപ്പറേഷന് നൽകിയില്ലെന്ന് മേയർ പറയുന്നത് സുരേഷ് ഗോപിയുടെ 'ഈ കോർപ്പറേഷൻ അങ്ങ് തരണം' എന്ന ഇലക്ഷൻ പ്രചാരണത്തിന് സഹായം നൽകാനാണ്. സുരേഷ് ഗോപിക്ക് വേണ്ടി ഇതുപോലെ അടിമപ്പണി ചെയ്യുന്ന ഒരാളെ മേയർ സ്ഥാനത്ത് വെച്ചുവാഴിക്കുന്ന സി.പി.ഐ.എം. എന്ത് വിശദീകരണമാണ് നൽകുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്," പ്രതാപൻ ചോദിച്ചു.

സുരേഷ് ഗോപി നൽകിയ പണത്തെ എം.പി. ഫണ്ടിൻ്റെ വിഷയമായി അവതരിപ്പിക്കുന്നത് വിവരക്കേടാണെന്നും അദ്ദേഹം വിമർശിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് സി.പി.ഐ.എം. സംഭാവന ചെയ്യുന്ന സ്ഥാനാർത്ഥിയാണ് മേയർ എന്ന കാര്യം അങ്ങാടിപ്പാട്ടാണെന്നും പ്രതാപൻ ആരോപിച്ചു.

"ഈ മേയർ എൽ.ഡി.എഫിൻ്റെ മേയറായി ഇരുന്ന് തൃശൂർ കോർപ്പറേഷനിൽ ബി.ജെ.പിക്ക് വേണ്ടി പ്രചരണം നടത്തുന്നതല്ലേ കാണുന്നത്. ഇത് പിണറായി-രാജീവ് ചന്ദ്രശേഖർ ഡീലിൻ്റെ ഒരു ചെറിയ ഭാഗമാണ്," അദ്ദേഹം ആരോപിച്ചു.

കോർപ്പറേഷൻ്റെ സ്വന്തം അധികാരത്തിലും ആസ്തിയിലും ഉൾപ്പെട്ട പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനചടങ്ങുകളിൽ എം.പി.യോടൊപ്പം അദ്ധ്യക്ഷത വഹിച്ച ആളാണ് മേയർ. എന്നിട്ടും അസത്യ പ്രചരണം നടത്തുന്നത് ബി.ജെ.പി.യെ സഹായിക്കാൻ മാത്രമാണെന്നും പ്രതാപൻ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com