

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ചതിന് ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെ ഗുരുവായൂർ പോലീസ് കേസെടുത്തു. പടിഞ്ഞാറെ നടയിൽ വെച്ചാണ് ഇവർ റീൽസ് ചിത്രീകരിച്ചത്.
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ജസ്നയെ കൂടാതെ, ആർ.എൽ. ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തെയും ജസ്ന ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് കിഴക്കേ നടയിലെ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്. അന്ന് ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമത്തിനാണ് കേസെടുത്തിരുന്നത്.
ആദ്യ സംഭവത്തിൽ ദേവസ്വം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. "ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണ്, ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല," എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കൃഷ്ണൻ്റെ ചിത്രങ്ങൾ വരച്ച് പ്രശസ്തയായ ജസ്ന, ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽ വെച്ച് കേക്ക് മുറിച്ച സംഭവവും മുൻപ് വിവാദമായിരുന്നു.
ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വീണ്ടും ക്ഷേത്രപരിസരം വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിച്ചതിനാണ് നിലവിലെ കേസ്.