
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് നേരിയ ശമനമായതോടെ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. എങ്കിലും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ ഇന്ന് (ഒക്ടോബർ 22, 2025) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Red alerts in the state withdrawn, Orange alert in 10 districts)
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നിലവിലുണ്ട്.
4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്ന് (ഒക്ടോബർ 22) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് വിദ്യാഭ്യാസ അവധി നൽകിയിട്ടുള്ളത്.
അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് (യെല്ലോ അലർട്ട്)
അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ) സാധ്യതയുള്ളത്.
ഒക്ടോബർ 23 (നാളെ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
ഒക്ടോബർ 24: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.
മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.