
മലപ്പുറം: കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന മഴമുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളാണവ.(Red alert in Malappuram district )
അതീവ ജാഗ്രത ആവശ്യമായ ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ മലപ്പുറത്തെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരോധിച്ച് കൊണ്ട് ഉത്തരവിറക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്നാണ് കളക്ടർ വി ആർ വിനോദിൻ്റെ നിർദേശം.
അതോടൊപ്പം, മണ്ണിടിച്ചിൽ സാധ്യതാപ്രദേശങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും, നദീതീരത്ത് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നതിനാൽ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അധികൃതരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും, ഏത് അടിയന്തരാവസ്ഥയ്ക്കും വൈദ്യുതി ബോർഡും, പൊതുമരാമത്ത് വകുപ്പും, പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും സജ്ജമായിരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.