തിരുവനന്തപുരം : പിഎം ശ്രീയില്‍ പുനഃപരിശോധനയുമായി സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ ഉപസമിതി പദ്ധതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ട് വരുംവരെ പദ്ധതി മരവിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിഷയം പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കും.പിഎം ശ്രീ പദ്ധതി പരിശോധിക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്. സിപിഐയുടെ രണ്ട് മന്ത്രിമാർ ഉപസമിതിയിലുണ്ട്. മന്ത്രിമാരായ കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ.
വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്തോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഏതായാലും റിവ്യൂ ചെയ്യുകയല്ലേ, അതിനാല്‍ തന്നെ മറ്റു വിവരങ്ങളിലേക്ക് പോകേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സമിതി റിപ്പോര്‍ട്ട് പെട്ടെന്ന് തന്നെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം രീതി. അവരുടെ നിര്‍ഭാഗ്യം കൊണ്ടു ജനങ്ങള്‍ അതൊന്നും സ്വീകരിക്കുന്നില്ല. ഞങ്ങളെ ഏതെങ്കിലും തരത്തില്‍ വര്‍ഗീയമായി ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം, എസ്ഐആർ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളിയാണ്. എസ്ഐആർ നടപ്പിലാക്കാനുള്ള തീരുമാനത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്ന് വന്നിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ അഞ്ചിന് സർവ്വകക്ഷിയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എസ്ഐആർ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻമാറണമെന്ന നിയമസഭ ഐക്യകണ്ഠേന ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം പൂർണ്ണമായി അവഗണിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.