
കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാൻസലർ നിയമിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ.എം.എം.ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ.അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം.ബഷീർ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്.
മലയാളം യുജി പഠനബോര്‍ഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയില്‍ ചേര്‍ത്തത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ ഉൾപ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' സിലബസില്‍ ഉള്‍പ്പെടുത്തിയത്.