

കോഴിക്കോട്: വടകരയിൽ അശ്രദ്ധമായി ബസ് ഓടിച്ചതിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. വടകര അഞ്ചുവിളക്ക് ബസ് സ്റ്റോപ്പിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വടകര എസ്.എൻ കോളേജ് വിദ്യാർത്ഥിനിയും നാദാപുരം സ്വദേശിനിയുമായ ദേവാഗനയ്ക്കാണ് (18) ഗുരുതരമായി പരിക്കേറ്റത്.(Reckless driving, Student seriously injured after being trapped between bus)
നാദാപുരം-വടകര റൂട്ടിലോടുന്ന 'അഷ്മിക' എന്ന ബസാണ് അപകടമുണ്ടാക്കിയത്. കോളേജിലേക്ക് പോകാനായി ബസിൽ വന്നിറങ്ങിയതായിരുന്നു പെൺകുട്ടി. വിദ്യാർത്ഥിനി ഇറങ്ങിയ ഉടൻ തന്നെ ബസ് മുന്നോട്ട് എടുത്തപ്പോൾ, ബസിനും നടപ്പാതയിലെ സ്റ്റീൽ കൈവരിക്കും ഇടയിൽ ദേവാഗന കുടുങ്ങിപ്പോകുകയായിരുന്നു. നടപ്പാതയോട് ചേർന്ന് അലക്ഷ്യമായി ബസ് ഓടിച്ചുപോയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ ദേവാഗനയെ ഉടൻ തന്നെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.